കോട്ടയം∙ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയം ഉറപ്പിച്ചിരിക്കെ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്തെന്ന് ചോദ്യത്തിന് മറുപടിയെന്നും അച്ചു ഉമ്മൻ പറഞ്ഞു.‘53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതിയെന്നാണ്.. ഉമ്മൻ ചാണ്ടി പിന്നിൽനിന്നു നയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിനു നൽകിയ യാത്രാമൊഴി നമ്മളെല്ലാവരും കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മൃഗീയമായി വേട്ടയാടി. മരിച്ചതിനു ശേഷവും അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടി.
ആ വേട്ടയാടിവരുടെ മുഖത്തുള്ള കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ ഈ വിജയം. 53 വർഷം ഉമ്മൻ ചാണ്ടി ഉള്ളംകയ്യിൽ വച്ചു നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കയ്യിൽ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയമാണ് പുതുപ്പള്ളി സമ്മാനിച്ചത്’– അച്ചു ഉമ്മൻ പ്രതകരിച്ചു. പുതുപ്പള്ളിയുടെ ഏറ്റവും വലിയ ഗാർഡ് ഓഫ് ഓണറെന്ന് മറിയ ഉമ്മൻ.