കര്‍ണാടകയില്‍ ഓര്‍ഡിനന്‍സിലൂടെ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പ്രാബല്യത്തിലായി. കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍ 2021 ഡിസംബറില്‍ നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമസഭയും കൗണ്‍സിലും അനിശ്ചിതമായി പിരിഞ്ഞ സമയം ആയതിനാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ‘പ്രലോഭനം’, ‘നിര്‍ബന്ധം’, ‘ബലം’, ‘വഞ്ചനാപരമായ മാര്‍ഗങ്ങള്‍’, എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനം തടയാനാണ് ബില്‍ ലക്ഷ്യമിടുന്നത്. കൂടാതെ ‘കൂട്ട മതപരിവര്‍ത്തനവും വിലക്കുന്നു. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, ഈ സംഭവങ്ങള്‍ സംസ്ഥാനത്തെ ‘പൊതു ക്രമം’ തകര്‍ക്കുന്നവയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി-പട്ടികവര്‍ഗക്കാരെയോ മതം മാറ്റുന്നത് 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു. കൂട്ട മതപരിവര്‍ത്തനത്തിന് 3-10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.