ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാനുള്ള നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ന് പാകിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാർലമെൻറിൽ പ്രമേയം കൊണ്ടു വന്നു. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഈ സാഹചര്യത്തിൽ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിന് ഇപ്പോഴത്തെ സംഭവങ്ങൾ വലിയ സമ്മർദ്ദമാകുകയാണ്.