കഴിഞ്ഞ ദിവസം ആന്‍റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ നിവാസികൾ ചര്‍ച്ചയാക്കുകയാണ്. എമ്പുരാന്‍ ചിത്രം 250 കോടി ഗ്രോസ് നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ചിത്രത്തിന് പിന്നിലെ മൂന്ന് പ്രധാനപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോകള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ചത്.
ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച ആന്‍റണി പെരുമ്പാവൂര്‍ മുന്‍പ് ഒരു സന്ദര്‍ഭത്തില്‍ പൃഥ്വിരാജ് പറഞ്ഞ വരികളാണ് ക്യാപ്ഷനായി കുറിച്ചത് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന്. ഇരുപതിനായിരത്തോളം ലൈക്കാണ് ഇതിന് ലഭിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ ആന്‍റണിയുടെ ചുമലില്‍ കൈവച്ച് നടന്ന് പോകുന്ന ഒരു ചിത്രവും ആന്‍റണി പങ്കുവച്ചു ‘എന്നും എപ്പോഴും’ എന്നായിരുന്നു ക്യാപ്ഷന്‍.
ഇത് പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിലാണ് മുരളി ഗോപിക്കൊപ്പമുള്ള ‘സ്നേഹപൂർവ്വം’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രവും ആന്‍റണി പങ്കുവച്ചത്. ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ആന്‍റണി പങ്കുവച്ചപ്പോള്‍ ഇരുവര്‍ക്കും ഇന്‍കം ടാക്സ് നോട്ടീസ് ലഭിച്ചതുമായാണ് ആളുകള്‍ അത് ബന്ധിപ്പിച്ച് സംസാരിച്ചത്. എന്നാല്‍ പടം 250 കോടി കളക്ഷന്‍ ചിത്രം നേടിയതിന്‍റെ സന്തോഷമാണ് അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം ആന്‍റണി പങ്കിട്ടതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.മാര്‍ച്ച് 27 ന് പുറത്തെത്തിയത് മുതല്‍ നാടകീയമായ സംഭവവികാസങ്ങള്‍ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു എമ്പുരാന്‍. ഉള്ളടക്കത്തെച്ചൊല്ലി സംഘപരിവാറില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. റീ സെന്‍സറിംഗ് വാര്‍ത്ത എത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ കളക്ഷന്‍ കൂടിയിരുന്നു. എന്നാല്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തിയതിനെത്തുടര്‍ന്ന് കളക്ഷനില്‍ വലിയ ഡ്രോപ്പും സംഭവിച്ചു. കേരള ബോക്സ് ഓഫീസില്‍ ചിത്രം നേടിയ ഏറ്റവും കുറവ് കളക്ഷന്‍ ഈ വെള്ളിയാഴ്ച ആയിരുന്നു. എന്നാല്‍ വാരാന്ത്യമായ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ അതില്‍ അല്‍പം വര്‍ധന വന്നിട്ടുണ്ട്.