ദൃശ്യം’ എന്ന ബോക്സ് ഓഫീസ് ഹിറ്റായ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ‘ദൃശ്യം 2’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ നിർമാതാവായ ആന്റണി പെരുമ്പാവൂരും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദൃശ്യം എന്ന സിനിമയിൽ അവസാനം എത്തിയ പൊലീസുകാരനായി അഭിനയിച്ച ആന്റണി പെരുമ്പാവൂർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ജോർജ് കുട്ടി.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ സ്ഥലം മാറിയെത്തുന്ന പൊലീസുകാരനായി അവസാന ഭാഗത്ത് മാത്രം വന്ന ആന്റണി പെരുമ്പാവൂരിന് ദൃശ്യം 2ല്‍ മുഴുനീള റോളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ്.ഐ ആയാണ് ദൃശ്യം 2ൽ ആന്റണി പെരുമ്പാവൂരെത്തുന്നത്.
മോഹൻലാൽ , മീന,ഹൻസിബ,എസ്തർ എന്നിവർ ആദ്യ ഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗത്തിലുമുണ്ടാവും. സെപ്റ്റംബർ 21നാണ് ‘ദൃശ്യം 2’ ന്റെ ആദ്യ ഘട്ട ഷൂട്ടിങ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ‘ദൃശ്യം 2’ന്റെ ചിത്രീകരണം നടന്നത്. നിലവിൽ കൊവിഡ് പരിശോധന പൂര്‍ത്തിയായവരാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല.
100 ദിവസത്തിന് മുകളില്‍ തീയേറ്ററുകളില്‍ പ്രദർശിപ്പിക്കപ്പെടുകയും ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണ് ‘ദൃശ്യം’. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.