പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. മറ്റ് ഭാഷകളിലെ ചിത്രങ്ങളിലേക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ക്ക് അനുപമ ഇപ്പോഴും പ്രിയപ്പെട്ടവള്‍ തന്നെയാണ്.
പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന് കേൾക്കുമ്പോൾത്തന്നെ ആളുകളുടെ മനസില്‍ ആദ്യം ഓടിയെത്തുക അനുപമയുടെ ചുരുണ്ട മുടിയാണ്. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മുടി എങ്ങനെ സംരക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
ചുരുണ്ട മുടി സംരക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും, അതിനുവേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നും നടി പറയുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം മുടിയില്‍ ചീപ്പുപയോഗിച്ചിട്ടില്ല. ചുരുണ്ടമുടി അങ്ങനെതന്നെ നിലനിര്‍ത്താനാണിതെന്നും അനുപമ പറയുന്നു.
അതുപോലെതന്നെ താന്‍ പൊതുവേ ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ലെന്നും അനുപമ പറയുന്നു. വാക്‌സിങും, ത്രെഡിങുമൊക്കെ ചെയ്യുന്നത് സ്വന്തമായാണെന്നും നടി വ്യക്തമാക്കി. ‘ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് പാര്‍ലറുകളില്‍ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങള്‍ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാന്‍ അനുവദിക്കും. എക്‌സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവ്’-അനുപമ പറഞ്ഞു.