Spread the love

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെയും നടി തപ്സി പന്നുവിനെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. രാവിലെ ഇരുവരുടെയും വസതികളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. മുംബൈയിലെയും പൂനെയിലെയും 30ന് മുകളില്‍ സ്ഥലങ്ങളിലാണ് രാവിലെ റെയിഡ് നടത്തിയത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഫാന്‍റം ഫിലിംസിന്‍റെ ചുവടുപിടിച്ചാണ് റെയിഡെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോളിവുഡില്‍ നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെയും അവരുടെ നയനിലപാടുകളെയും പ്രത്യക്ഷമായിത്തന്നെ തുറന്നെതിര്‍ത്ത പ്രമുഖരാണ് സംവിധായകന്‍ അനുരാഗ് കശ്യപും നടി തപ്സി പന്നുവും. പൗരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍‌ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിവാദമായ കാര്‍ഷിക നയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്സി പന്നുവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

അതെ സമയം ആദായ നികുതി വകുപ്പിന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും അത് പിന്നീട് കോടതിയിലെത്തുകയാണ് ചെയ്യാറെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് റെയിഡെന്ന ചോദ്യത്തിന് ‘ഇത് വളരെ കടുത്തതാണ്’ എന്നാണ് മന്ത്രി പ്രതികരിച്ചത്.

Leave a Reply