Spread the love

ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ആരാധക പിന്തുണയുള്ള സംവിധായകനാണ് അനുരാഗ്കശ്യപ്. ബോളിവുഡിന്റെ സ്ഥിരം കച്ചവട സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്ന നല്ല സിനിമകളാണ് എന്നും അനുരാഗ് കശ്യപ് സിനിമകൾ. നടൻ എന്ന രീതിയിലും താരം ബോളിവുഡ് കടന്ന് തമിഴിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ആഷിക് അബുവിന്റെ റൈഫിൽ ക്ലബ്ബിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. ബോളിവുഡ് സിനിമകളുടെ നിലവാരം കുറയുകയാണെന്നും വൈകാതെ താൻ തെന്നിന്ത്യയിലേക്ക് ചേക്കേറും എന്നും റൈഫിൽ ക്ലബ്ബിന് ശേഷമുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യം നടപ്പാക്കി എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.

ബോളിവുഡ് ഒരു ടോക്സിക് പ്ലെയ്സ് ആണെന്ന് വെളിപ്പെടുത്തിയ അനുരാഗ് ദക്ഷിണേന്ത്യയിലേക്ക് താമസം മാറി ഇവിടത്തെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്നും വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് വളരെയധികം വിഷലിപ്തമായിരിക്കുന്നെന്ന് അനുരാ​ഗ് കശ്യപ് അഭിപ്രായപ്പെട്ടു. അപ്രാപ്യമെന്ന് തോന്നിക്കുന്ന ടാർ​ഗറ്റുകളായ 500 കോടിയും 800 കോടിയുമെല്ലാം കളക്ഷൻ നേടാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. സർ​ഗാത്മകതയുടേതായ അന്തരീക്ഷമെല്ലാം പോയെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു.

അതേസമയം ബെം​ഗളൂരുവിലായിരിക്കും അനുരാ​ഗ് കശ്യപ് ഇനി ചിലവഴിക്കുക എന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിലും ബോളിവുഡിൽനിന്ന് മാറിനിൽക്കാനും ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാ​ഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു.നിലവിൽ ഫൂട്ടേജ് എന്ന മലയാളചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ പ്രചാരണത്തിരക്കുകളിലാണ് അനുരാ​ഗ് കശ്യപ്.

സൈജു ശ്രീധരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, വിശാഖ് നായർ, ​ഗായത്രി അശോക് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. കഴിഞ്ഞവർഷമാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. മാർച്ച് ഏഴിനാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.

Leave a Reply