
ആലുവ-പെരുമ്പാവൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ റിയാസിന്റെ വാദങ്ങൾ തള്ളി അൻവർ സാദത്ത് എംഎൽഎ. റോഡ് വികസനത്തിന് നാട്ടുകാർ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്ബിയും തമ്മിൽ തർക്കമില്ല. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാറുകാരേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വിജിലൻസ് റിപ്പോർട്ടെന്നും എംഎൽഎ വിശദീകരിച്ചു. റോഡപകടത്തിൽ മരിച്ചയാൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. അൽവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം.