Spread the love
റോഡ് നന്നാക്കാൻ ആർക്കും വിളിക്കാം; ടോൾ ഫ്രീ നമ്പർ പുറത്തിറക്കി മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലവർഷത്തിൽ റോഡുകൾ തകർന്നാൽ ഉടൻ നന്നാക്കാൻ ടാസ്‌ക് ഫോഴ്സ്. റോഡുകൾ വെള്ളക്കെട്ടാകുന്നതും കുത്തിയൊലിച്ച് തകരുന്നതും ഗട്ടറുകൾ ഉണ്ടാകുന്നതും യാത്രയ്‌ക്ക് ഭീഷണിയാകുന്ന എന്തും ജനങ്ങൾക്ക് ടാസ്‌ക് ഫോഴ്സിനെ അറിയിക്കാൻ ടോൾ ഫ്രീ നമ്പരും. ​1800 425 777ൽ വിളിച്ചാൽ മതി. പരാതികൾ ഉടൻ പരിഹരിക്കും.

മരാമത്ത് വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ജനസൗഹൃദ സംവിധാനം. വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണിത്. ടാസ്‌ക് ഫോഴ്സിനൊപ്പം കെ.എസ്.ടി.പി ഓഫീസിൽ പബ്ളിക്ക് ഇൻഫർമേഷൻ സെല്ലും പ്രവർത്തിക്കും. സെൽ ജൂൺ 1ന് മന്ത്രി ഉൽഘാടനം ചെയ്യും.

1800 425 777 എന്ന നമ്പരിൽ ഏത് സമയവും നിരത്തുകൾ,​ പാലങ്ങൾ തുടങ്ങിയ മരാമത്ത് ആസ്തികളിലെ മഴക്കെടുതി ജനങ്ങൾക്ക് അറിയിക്കാം. സെൽ ഈ വിവരങ്ങൾ അസി. എൻജിനീയർമാർക്കും ടാസ്‌ക് ഫോഴ്സിന്റെ ജില്ലാ,​ സംസ്ഥാന വാട്ട്സാപ്പ് ഗ്രൂപ്പിലേക്കും കൈമാറണം. അസി. എൻജിനീയർ സ്ഥലത്തെത്തി 24 മണിക്കൂറിനകം തകരാർ പരിഹരിക്കണം. അതിന് മുമ്പും പിമ്പുമുള്ള ഫോട്ടോകൾ അസി. എൻജിനീയർ വാട്ട്സ് ആപ്പിൽ ഷെയ‌ർ ചെയ്യണം. ജില്ലാദൗത്യസേന പരാതികളും നടപടികളും പരിശോധിച്ച് സംസ്ഥാന ദൗത്യസേനയ്ക്ക് റിപ്പോർട്ട് നൽകണം. മൂന്ന് ദിവസം കൂടുമ്പോൾ സെല്ലിലെ സ്പെഷ്യൽ ടീം പരാതിക്കാരുടെ പേരും ഫോൺനമ്പരും പരിഹാരത്തിന് ചുമതലപ്പെടുത്തിയ ഉദ്യാേഗസ്ഥന്റെ വിവരവും പരിഹരിച്ച രീതിയും സമയവും സഹിതം സംസ്ഥാന ടാസ്‌ക് ഫോഴ്സിന് റിപ്പോർട്ട് നൽകണം.

റോഡ്, എൻ.എച്ച്, കെ.എസ്.ടി.പി, കെ.ആർ.എഫ്.ബി, മെയിന്റനൻസ് വിഭാഗംചീഫ് എൻജിനീയർമാരാണ് സംസ്ഥാന മിഷൻ ടീമിലുള്ളത്. എക്സിക്യൂട്ടീവ് എൻജിനീയർമാരാണ് ജില്ലാ മിഷൻ ടീമുകളിൽ.
കാലവർഷക്കെടുതിയിൽ നിന്ന് റോഡുകളും മരാമത്ത് ആസ്തികളും സംരക്ഷിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കാനുമാണ് ടാസ്ക്ഫോഴ്സും കൺട്രോൾ റൂമുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a Reply