കോവിഡാനന്തര ചികിത്സക്ക് എപിഎൽ വിഭാഗം പണം നൽകണം; സർക്കാർ നടപടി വിവാദത്തിൽ.
തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ കോവിഡനന്തര ചികിത്സയ്ക്ക് എത്തുന്ന എപിഎൽ വിഭാഗത്തിൽ നിന്നു പണം ഈടാക്കാനുള്ള തീരുമാനം വിവാദത്തിൽ. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയെന്ന പതിറ്റാണ്ടുകളായുള്ള നയത്തിൽ നിന്നു മെല്ലെ പിന്മാറുന്നതിനു മുന്നോടിയാണിതെന്നും വിമർശനം ഉയർന്നു.എല്ലാ കോവിഡ് ബാധിതരെയും സൗജന്യമായി ചികിത്സിക്കുന്നതു സർക്കാരിന്റെ നേട്ടമായി രാഷ്ട്രീയ പ്രചാരണം നടക്കുമ്പോഴാണു എപിഎൽ വിഭാഗത്തിൽ നിന്നു പണം ഈടാക്കാൻ തീരുമാനിച്ചത്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) റജിസ്റ്റർ ചെയ്തവർക്കും ബിപിഎൽ വിഭാഗങ്ങൾക്കു മാത്രമേ സർക്കാർ ആശുപത്രികളിലെ കോവിഡനന്തര ചികിത്സ സൗജന്യമായിരിക്കൂ.
എല്ലാ ചികിത്സകളും സൗജന്യമായിരുന്ന സർക്കാർ ആശുപത്രികളിൽ ഇതുവരെ പേ വാർഡിനു മാത്രമാണു തുക ഈടാക്കിയിരുന്നത്. ചികിത്സയ്ക്കു പണം ഈടാക്കുന്നതു സർക്കാർ നയപരമായി എടുക്കേണ്ട വിഷയമാണെന്നിരിക്കെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണു വിവരം. കോവിഡനന്തര ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികൾക്കു പരമാവധി വാങ്ങാവുന്ന ചികിത്സ നിരക്കിനൊപ്പമുള്ള ഉത്തരവിലാണു സർക്കാർ ആശുപത്രികളിലെ നിരക്കും ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളിൽ 60 ശതമാനത്തിലേറെയും സ്വകാര്യമേഖലയിലാണ്. സംസ്ഥാനത്തെ 90.67 ലക്ഷം കുടുംബങ്ങളിൽ 51.77 ലക്ഷം പേരും എപിഎൽ വിഭാഗത്തിലാണുള്ളത്. 3.54 കോടി ജനങ്ങളുള്ള കേരളത്തിൽ കേന്ദ്ര നിയന്ത്രണം അനുസരിച്ച് 1.54 കോടി ആളുകളെ മാത്രമേ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. സർക്കാർ ജോലിയോ മറ്റോ ലഭിക്കുമ്പോൾ ഇവരിൽ ആരെങ്കിലും എപിഎൽ വിഭാഗത്തിലേക്കു മാറിയാൽ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുന്നതിനു ലക്ഷക്കണത്തിനു പേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. മാത്രമല്ല, കോവിഡ് കാലമായതിനാൽ കാസ്പിൽ അംഗത്വം എടുക്കാൻ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കു സാധിച്ചിട്ടില്ല.
എപിഎലുകാർ കോവിഡനന്തര ചികിത്സയ്ക്ക് ജനറൽ വാർഡിൽ കഴിഞ്ഞാൽ ദിവസം 750 രൂപ നൽകണം. ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250 രൂപയും ഐസിയുവിൽ 1500 രൂപയും വെന്റിലേറ്ററിൽ 2000 രൂപയുമാണ് പ്രതിദിന നിരക്ക്. ബ്ലാക് ഫംഗസിനുള്ള ചികിത്സയ്ക്കും കോവിഡനന്തര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയകൾക്കും പണം നൽകണം. ഇതിനു 4800 രൂപ മുതൽ 27500 രൂപ വരെയാണു നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ,ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്കു ഹോമിയോപ്പതി ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദേശിക്കുകയും കോടതി ഉത്തരവുകൾ വരികയും ചെയ്തെങ്കിലും കേരളത്തിൽ മാത്രം അനുമതി നല്കാത്ത സർക്കാർ നടപടിയും ചോദ്യംചെയ്യപ്പെടുകയാണ്.