Spread the love

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെ സൈബർ ആക്രമണമുണ്ടായെന്ന പരാതിയിൽ ക്ഷമ ചോദിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.

ജെയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബർ ആക്രമണം നടത്തിയെങ്കിൽ താൻ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഒരു വ്യക്തിയെയും കോൺഗ്രസുകാർ ആക്രമിക്കില്ലെന്നും ആരെങ്കിലും കോൺഗ്രസുകാരന്റെ പേരിൽ ചെയ്തിട്ടുണ്ടെങ്കിലേ ഉള്ളൂവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.‘‘ആരു ചെയ്താലും അതു ശരിയല്ല. അങ്ങനെ അവർക്കൊരു ഖേദം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഒരു വ്യക്തിയെയും കോൺഗ്രസുകാർ ആക്രമിക്കില്ലെന്ന പൂർണ വിശ്വാസമുണ്ട്. ആരെങ്കിലും കോൺഗ്രസുകാരന്റെ പേരിൽ ചെയ്തിട്ടുണ്ടെങ്കിലേ ഉള്ളൂ. അങ്ങനെ ഒരു വിഷമം എങ്കിലും ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അവരോടു ക്ഷമ ചോദിക്കുന്നു. ഒരു വനിതയെ പോലും, ഒരു വ്യക്തിയെ പോലും വേദനിപ്പിക്കാൻ പാടില്ല. കാരണം, ആ വേദന കഴിഞ്ഞ 20 വർഷമായി അനുഭവിക്കുന്നവരാണ് ഞങ്ങൾ. ജെയ്ക്കിനോ കുടുംബത്തിനോ വ്യക്തിപരമായോ കുടുംബപരമായോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.’’– ചാണ്ടി ഉമ്മൻ പറഞ്ഞു.
ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടുന്നു. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ ജെയ്ക്കിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.

Leave a Reply