Spread the love

അതിജീവിച്ചവരോട് ക്ഷമ ചോദിക്കുന്നു; വേടന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ ഖേദ പ്രകടനവുമായി നടി
പാർവതി

റാപ്പർ വേടന്‍റെ പോസ്റ്റിൽ ലൈക്ക് അടിച്ചതിന് മാപ്പു പറഞ്ഞ് നടി പാർവതി. തനിക്കെതിരെ ഉയർന്ന
ലൈംഗിക ആരോപണങ്ങളിൽ മാപ്പു പറഞ്ഞു കൊണ്ടുള്ള വേടന്‍റെ പോസ്റ്റിനാണ് പാർവതി ലൈക്കടിച്ചത്.
ഇതിന് പിന്നാലെ രൂക്ഷ വിമർശനമാണ് പാർവതിക്ക് നേരെ ഉയർന്നത്. ഒരു ലൈക്കിന് പോലും രാഷ്ട്രീയം
ഉണ്ടെന്ന് വിമർശകർ പാർവതിയെ ഓർമിപ്പിച്ചു.

ഗായകനെതിരെ ധൈര്യത്തോടെ അനുഭവങ്ങൾ തുറന്നു പറഞ്ഞവരോട് മാപ്പ് പറയുന്നു എന്നാണ് പാർവതി കുറിച്ചത്.
‘വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങളുടെ
തെറ്റുകൾ സമ്മതിക്കാറില്ല എന്നതിനാൽ ആണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.
അതിജീവിച്ചവരോടൊപ്പം നില്‍ക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന്ഞാന്‍ വിശ്വസിക്കുന്നു എന്നാണ് പാർവതി
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത്.

മാപ്പു പറച്ചിലിൽ ഒട്ടും ആത്മാർത്ഥത ഇല്ലെന്ന് അതിജീവിച്ചവർ തന്നെ അറിയിച്ചു. അപ്പോൾ തന്നെ ലൈക്ക് പിൻവലിച്ചു.
അവരോട് മാപ്പ് ചോദിക്കുന്നു എന്നും പാർവതി പറയുന്നു.

മലയാളം റാപ്പർമാർക്കിടയിൽ ശ്രദ്ധേയനായിരുന്നു വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. വോയ്സ് ഓഫ് വോയ്സ് ലെസ്
എന്ന പേരിൽ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാൻ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു.
ഇതിന് പിന്നാലെയാണ് വിമൺ എഗെയിൻസ്റ്റ് സെക്ച്വൽ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ
ആരോപണങ്ങൾ ഉയർന്നതും ഗായകൻ ഇൻസ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞതും. സംഭവം വിവാദമായതോടെ വേടൻ ഭാഗമായ
സംഗീത ആൽബം നിർത്തിവച്ചതായി സംവിധായകൻ മുഹ്സിൻ പരാരി അറിയിച്ചിരുന്നു.

Leave a Reply