Spread the love
കുഞ്ഞാപ്പ് ‘ വരുന്നു; കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍

കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള നടപടി സ്വീകരിക്കാന്‍ ശിശു വികസന വകുപ്പ് ‘കുഞ്ഞാപ്പ്’ എന്ന പേരില്‍ മൊബൈല്‍ ആപ്പ് സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനവും നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗം തടയാന്‍ കേരള പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇരുപതിനായിരത്തോളം രക്ഷിതാക്കള്‍ക്ക് സുരക്ഷിത ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെപറ്റിയും ഓണ്‍ലൈന്‍ ദുരുപയോഗവും അതിക്രമവും ഉണ്ടായാല്‍ സ്വീകരിക്കേണ്ടുന്ന നിയമപരവും മനഃശാസ്ത്രപരവും സാങ്കേതികവുമായ വശങ്ങളെപ്പറ്റി ബോധവത്കരണം നടത്തും. 50,000 പേര്‍ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വഴിയും ബോധവത്കരണം നല്‍കും.

ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഡീഅഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെ-ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 83 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. 24,357 സ്ഥാപനങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. പദ്ധതിയുടെ ധനസമ്പാദനം സംബന്ധിച്ചും ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനുമുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപവത്കരിക്കുന്നതിന് സെക്രട്ടറി തല സമിതിയായി.

അതേസമയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും, ഓണ്‍ലൈന്‍ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കും മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Leave a Reply