‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടനാണ് അപ്പാനി ശരത്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശരത് ഇപ്പോള്‍. ഒരു ആണ്‍കുട്ടിയ്ക്കാണ് രേഷ്മ ജന്മം നല്‍കിയിരിക്കുന്നത്.
അവന്തിക എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. പ്രളയത്തിനെയും അതിജീവിച്ചായിരുന്നു മൂത്തമകള്‍ അവന്തികയുടെ ജനനം. പ്രളയസമയത്ത് ചെന്നൈയില്‍ ഷൂട്ടിങ് തിരക്കുകളില്‍ പെട്ടുപോയ ശരത് ലൈവില്‍ വന്ന്, പൂര്‍ണഗര്‍ഭിണിയായ തന്റെ ഭാര്യയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ അകപ്പെട്ടുപോയ ശരത്തിന്റെ ഭാര്യ രേഷ്മയെ പിന്നീട് രക്ഷാപ്രവര്‍ത്തകരാണ് സുരക്ഷിതമായ സ്ഥലത്തെത്തിച്ചത്.
വില്ലന്‍ അപ്പാനിയാണെങ്കില്‍, വില്ലന് എന്തിനാ സിക്സ് പാക്കും മസിലും എന്നു മലയാളികളെ കൊണ്ട് ചോദിപ്പിച്ചാണ് മെലിഞ്ഞ ശരീരവും നീട്ടി വളര്‍ത്തിയ മുടിയുമായി അങ്കമാലിയെ തോട്ടയെറിഞ്ഞ് വിറപ്പിച്ചു കൊണ്ട് ശരത് മലയാള സിനിമയിലേക്ക് കയറി വന്നത്. മലയാളത്തിനു പുറത്ത് തമിഴിലും തിരക്കേറുകയാണ് ശരത്തിന്. മണിരത്നം ചിത്രം ‘ചെക്ക ചിവന്തവാനം’, വിശാലിന്റെ ‘സണ്ടക്കോഴി 2’ എന്നീ ചിത്രങ്ങളിലെല്ലാം ശരത്തുണ്ട്.