ജൂലൈ 22 വെള്ളിയാഴ്ച നിശ്ചയിച്ച പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് തക്കതായ കാരണമുണ്ടെങ്കില്‍ സമയം മാറ്റി നല്‍കുമെന്ന് പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് അറിയിച്ചു.
വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്താന്‍ നിശ്ചയിച്ചതിനെതിരെ വിവധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സിയുടെ അറിയിപ്പ്.
സമയക്രമത്തില്‍ അസൗകര്യമുള്ളവര്‍ തൃപ്തികരമായ കാരണം ചൂണ്ടിക്കാട്ടി അപേക്ഷിക്കണമെന്നും പി.എസ്.സി അറിയിച്ചു.
നാളെ (21.07.22 -വ്യാഴം) ഉച്ച രണ്ടുമണിക്ക് മുമ്പ് jsonline.psc@kerala.gov.in എന്ന ഇ മെയില്‍ ഐഡിയില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ പരീക്ഷയുടെ സമയക്രമവുമായി ബന്ധപ്പെട്ട് അനാവശ്യമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നുവരുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ടീച്ചര്‍ (ഹിസ്റ്ററി) തസ്തികയുടെ ഓണ്‍ലൈന്‍ പരീക്ഷ രണ്ട് സെഷനിലായി രാവിലെ 9 നും 11.15 നും ആരംഭിക്കുന്ന വിധത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ തൃപ്തികരമായ കാരണങ്ങള്‍ സഹിതം ആവശ്യപ്പെട്ടാല്‍ തന്നെ സമയക്രമം മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നിരിക്കെയാണ് ചിലര്‍ ബോധപൂര്‍വം ആക്ഷേപമുന്നയിക്കുന്നത്.
പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ മാത്രമാണ് പരീക്ഷ നടക്കുന്നത് എന്നതിനാല്‍ അത്യാവശ്യഘട്ടത്തില്‍ സമയമാറ്റം അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നതാണ്
ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു പകരം പൊതുപ്രചരണം നടത്തി മുതലെടുക്കാനുളള ശ്രമം സദുദ്ദേശപരമല്ല -വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.