കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. ഈ അഭിമുഖത്തിൽ ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാൻ പ്രിയ വര്‍ഗ്ഗീസ് അയോഗ്യയാണ്. അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു.പദവിക്ക് അപേക്ഷിക്കാൻ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വര്‍ഗ്ഗീസിന് ഇല്ലായിരുന്നുവെന്ന് നിരീക്ഷണവും ഹൈക്കോടതി വിധിയിൽ നടത്തുന്നുണ്ട്. അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നതെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. നിരവധി പേര്‍ കക്ഷി ചേര്‍ന്ന ഈകേസിൽ പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്കറിയയുടെ ഹര്‍ജി നിലനിൽക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകൻ മാത്രമാണെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.