കേരളത്തില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ഇനി പി.എസ്.സി വഴി
കേരളത്തില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നടപടി. മുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. വഖഫ് ബോര്‍ഡ് ആവശ്യപ്രകാരമാണ് ബില്ലെന്നും മന്ത്രി പറഞ്ഞു.
നിയമനം പിഎസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്.
വഖഫ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു. 112 തസ്തികയിലേക്ക് ബോര്‍ഡ് നടത്തുന്ന നിയമനമാണ് പിഎസ്‌സിക്ക് വിടുന്നത്. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ കൈകടത്തുകയല്ല ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നീതിയുക്തവും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
രേഖ സഭയില്‍ വെക്കണമെന്ന് കെ. ബാബു ആവശ്യപ്പെട്ടത് പ്രകാരം വഖഫ് ബോര്‍ഡ് കത്ത് മന്ത്രി സഭയില്‍ വെച്ചു. എന്നാല്‍ തീരുമാനം മണ്ടത്തരമാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.