ന്യൂഡൽഹി : കോടതി വിധികൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മാതൃഭാഷകളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ സദസ്സിലിരുന്നവർ കൈയടിയോടെയാണ് സ്വീകരിച്ചത്.
പ്രത്യേക ക്ഷണിതാവായെത്തിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, മോദിയുടെ പ്രസ്താവനയെ കൈകൂപ്പി സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സുപ്രീംകോടതി വിധികൾ ഹിന്ദി, തമിഴ്, ഒഡിയ, ഗുജറാത്തി ഭാഷകളിൽ ലഭ്യമാക്കണമെന്ന് ജനുവരിയിലാണ് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്. പൗരന്മാർക്ക് നീതി ഉറപ്പാക്കാനാണ് അവർക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന ഭാഷയില്‍ വിധിപ്പകർപ്പുകൾ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനത്തിനും ഇംഗ്ലിഷിലുള്ള വിധിപ്പകർപ്പ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മറ്റ് പ്രാദേശിക ഭാഷകളിലും വിധിപ്പകർപ്പു നല്‍കാനുള്ള തയാറെടുപ്പിലാണെന്നും സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് ജനങ്ങളിലേക്ക് ഇത് എളുപ്പത്തിൽ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.