Spread the love

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ സ്വദേശി അക്വിബ് ഫനാൻ എന്നയാൾ അറസ്റ്റിൽ. സൈബർ സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. പ്രൈവറ്റ് മെസേജ് അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുനൽകാമെന്നായിരുന്നു വാഗ്ദാനം. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.

ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലെ സൈബർ സെല്ലിലായിരുന്നു പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്വിബ് കുടുങ്ങിയത്. വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ നൽകിയ ലിങ്കുകളും തെളിവുകളും ഉൾപ്പെടെയായിരുന്നു പരാതി കൈമാറിയത്.

മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രമായിട്ടാണ് മാർക്കോ തിയറ്ററിലെത്തിയത്. ഒരാഴ്ച തികയുമ്പോഴും ചിത്രം തിയറ്ററുകളിൽ ഹിറ്റാണ്. തുടക്കത്തിൽ തന്നെ കളക്ഷനിൽ മുന്നേറിയ സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള നീക്കങ്ങൾ പിന്നീട് സൈബറിടങ്ങളിൽ സജീവമായിരുന്നു. ഇതിനിടെയാണ് വ്യാജ പതിപ്പും പ്രത്യക്ഷപ്പെട്ടത്. കോപ്പിറൈറ്റ് നിയമപ്രകാരം ഉൾപ്പെടെയാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply