Spread the love
ഒരേ പന്തിയിൽ ഒരേ ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ, ഏറ്റവും അധികം ആളുകൾ; അതാണ് ആറന്മുള അഷ്ടമി രോഹിണി സമൂഹ സദ്യ

പത്തനംതിട്ട: ഒരേ പന്തിയിൽ ഒരേ ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ, ഏറ്റവും അധികം ആളുകൾ, ഗിന്നസ് റെക്കാർഡ് തേടി ആറന്മുള അഷ്ടമി രോഹിണി സമൂഹ സദ്യ. ലിംക ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടിയ വഴിപാട് സദ്യക്ക് ഇനി ലഭിക്കാനുള്ളത് ഗിന്നസ് മാത്രം. മഹാപ്രളയവും കൊവിഡും തുടർന്ന് ലോക്ക് ഡൗണും വന്നില്ലായിരുന്നെങ്കിൽ ഇതും നേരത്തെ നേടിയേനെ.

അഷ്ടമി രോഹിണി നാളിൽ 351 പറ അരിയുടെ സദ്യ ക്ഷേത്ര മതിൽക്കകത്തും 50 പറയുടെ സദ്യ പുറത്തെ ഓഡിറ്റോറിയങ്ങളിലുമായി വിളമ്പും. ക്ഷേത്രത്തിൽ നടക്കുന്ന വഴിപാട് വള്ളസദ്യകൾ സാധാരണ പള്ളിയോടത്തിൽ എത്തിച്ചേരുന്ന കരക്കാർക്കും വഴിപാടുകാരുടെ ക്ഷണിക്കപ്പെട്ട ബന്ധുക്കൾക്കും മാത്രമാണ്. എന്നാൽ പാർഥസാരഥിയുടെ പിറന്നാളായ അഷ്ടമി രോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിളമ്പുന്ന സമൂഹ സദ്യയാണ്.

വള്ളസദ്യകളിൽ വിളമ്പുന്ന വിഭവങ്ങൾ എല്ലാം സമുഹസദ്യയിലും വിളമ്പും. വിശാലമായ മ‌തിൽക്കകത്താണ് സമൂഹ സദ്യ നടക്കുന്നത്. ഈ വർഷത്തെ അഷ്ടമി രോഹിണി വള്ളസദ്യകൾക്കായി 401 പറ അരിയാണ് ഉപയോഗിക്കുന്നത്. 100 ഓളം പാചകക്കാരും 200 ൽ പരം വിളമ്പുകാരും ഉൾപ്പടെ 300 ലധികം ആളുകൾ മൂന്നു ദിവസം കൊണ്ടാണ് സദ്യ തയ്യാറാക്കുന്നത്. ഒരു ലക്ഷത്തോളം ഭക്തർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 11.30 ഓടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ ദീപം തെളിയിച്ച് സമൂഹ സദ്യയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഭഗവാനെ സങ്കൽപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ നാക്കിലയിലേക്ക് വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പുന്നതോടെ അഷ്ടമി രോഹിണി വള്ളസദ്യകൾക്ക് തുടക്കമാവും. ഭക്തർക്കൊപ്പം ഭഗവാനും സദ്യയുണ്ണുന്നു എന്ന സങ്കൽപമുള്ളതിനാൽ സദ്യ എന്നതിനുപരിയായി തിരുവാറന്മുളയപ്പന്റെ പ്രസാദമായാണ് അഷ്ടമി രോഹിണി വള്ളസദ്യയെ കണക്കാക്കുന്നത്.

Leave a Reply