ശബരിമല അരവണയിൽ മാലിന്യം കണ്ടെത്തിയ സംഭവം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ ഗുരുതര വീഴ്ചയാണെന്ന് സിഎജി റിപ്പോർട്ട്. സംസ്ഥാനത്തെ ആങ്കണവാടികളിൽ ആഹാരം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സിഎജി നിയമസഭയിൽ സമർപ്പിച്ച അനുവർത്തന ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് ഉൾപ്പെടെയുള്ള ഈ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിരന്തരം പരിശോധിക്കണമെന്ന് നിർദ്ദേശം. എന്നാൽ സംസ്ഥാനത്തെ 13 ഫുഡ് സർക്കിളുകളിൽ ഏഴിടത്തും ഇത് നടക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. അതേസമയം സാമ്പിൾ സ്വീകരിച്ച കാസർകോട്, തിരുവനന്തപുരം, വൈക്കം, കഴക്കൂട്ടം ഇനി നാലു സർക്കിളുകളിൽ നടന്ന പരിശോധനയിൽ ഈ വസ്തു ഭക്ഷ്യയോഗ്യമല്ല എന്നാണ് വ്യക്തമായിട്ടുള്ളത്. പരിശോധിച്ച് നാലിടങ്ങളിലും പ്രശ്നം കണ്ടെങ്കിലും മറ്റിടങ്ങളിൽ പരിശോധിക്കുവാൻ ഇതുവരെ നടപടി എടുത്തിട്ടില്ല. വിതരണം ചെയ്ത 3556.50കിലോഗ്രാം അമൃതം ന്യൂട്രിമിക്സും 444കിലോഗ്രാം ബംഗാൾ പയറും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല.
ശബരിമലയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന അരവണ പരിശോധിക്കാൻ പമ്പയിലും സന്നിധാനത്തും പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് അരവണയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ പരിശോധിക്കാനും ഉണ്ടാക്കിയതിനുശേഷം പരിശോധിക്കാനും പത്തനംതിട്ടയിലും ഫുഡ് ടെസ്റ്റിംഗ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് അക്രഡിറ്റേഷനോ എൻഎബിഎൽ ദേശീയ അംഗീകാരമോ ലഭിച്ചിട്ടില്ല. അരവണയിൽ കീടനാശിനി, ലോഹവസ്തുക്കൾ എന്നിവ ചേർത്തിട്ടുണ്ടോ എന്നുപോലും പരിശോധിക്കുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.