കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിനിമയിൽ നിരവധി അവസരം നഷ്ടപ്പെട്ട കാര്യം ഈയിടയ്ക്ക് നടൻ ഹരീഷ് കണാരൻ തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തന്നിൽ നിന്നും വാങ്ങിയ പൈസ തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന് താൻ താരസംഘടനയായ അമ്മ സംഘടനയിൽ പരാതി നൽകുകയായിരുന്നുവെന്നും ഇതേതുടർന്ന് തനിക്ക് പല ചിത്രങ്ങളിലായി ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ അയാൾ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നുമായിരുന്നു നടൻ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ബാദുഷ.
”എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം” എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12ന് ആണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിര്‍മ്മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്. അതേസമയം, ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.







