Spread the love

വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കിയെടുക്കുന്നത് കുറച്ചധികം പണിയുള്ള ജോലി തന്നെയാണ്. ജോലി തിരക്കൊക്കെ കഴിഞ്ഞ് അവധി ദിവസം നിൽക്കുമ്പോഴാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്തു തീർക്കുന്നത്. ഒട്ടുമിക്ക വീടുകളിലും ഇന്ന് വസ്ത്രങ്ങൾ കഴുകാൻ വാഷിംഗ് മെഷീൻ ഉണ്ട്. അധിക സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ വസ്ത്രങ്ങൾ കഴുകിയെടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ വാഷിങ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം ഇല്ലെങ്കിൽ നിങ്ങളുടെ വസ്ത്രങ്ങൾ കേടായിപ്പോകും.

വസ്ത്രങ്ങളിലെ പോക്കറ്റ്

വസ്ത്രങ്ങളിലെ പോക്കറ്റുകളിൽ പേന, കോയിനുകൾ, ടിഷ്യൂ പേപ്പർ തുടങ്ങി പലവിധ ചെറിയ സാധനങ്ങൾ ഉണ്ടാവും. പലപ്പോഴും പോക്കറ്റിൽ നിന്നും ഇത്തരം സാധനങ്ങൾ എടുത്ത് മാറ്റാൻ പലരും മറന്നുപോകാറുണ്ട്. ഇതോടെ വാഷിംഗ് മെഷീനിൽ ഇടുകയാണെങ്കിൽ ഈ വസ്തുക്കൾ മെഷീനിലെ ഫിൽറ്റർ, ഹോസ് ഭാഗങ്ങളിൽ തങ്ങി നിൽക്കുകയും മെഷീൻ കേടുവരാൻ കാരണമാവുകയും ചെയ്യുന്നു.

വസ്ത്രങ്ങളിലെ സിപ് ഇടാം

വസ്ത്രങ്ങൾ കഴുകാൻ എടുക്കുമ്പോൾ സിപ് അല്ലെങ്കിൽ ബട്ടണുകൾ ഉള്ളതാണെങ്കിൽ അത് ഇടാൻ ശ്രദ്ധിക്കണം. കാരണം സിപ് ഇടാതെ വസ്ത്രങ്ങൾ കഴുകാൻ ഇട്ടാൽ അത് മറ്റ് വസ്ത്രങ്ങളിൽ കുടുങ്ങാനും, കീറാനുമൊക്കെ സാധ്യതയുണ്ട്. കൂടാതെ സിപ്പിട്ട് വസ്ത്രങ്ങൾ സൂക്ഷിക്കുന്നത് അവയുടെ ആകൃതി നിലനിർത്താനും സഹായിക്കുന്നു.

വസ്ത്രത്തിൽ കറയുണ്ടെങ്കിൽ

വാഷിംഗ് മെഷീനിൽ കഴുകാൻ ഇടുന്നതിന് മുമ്പ് വസ്ത്രത്തിൽ കറയുണ്ടോ എന്ന് നോക്കണം. കറയുള്ള വസ്ത്രങ്ങൾ പ്രത്യേകം കഴുകുന്നതാണ് നല്ലത്. എത്ര പെട്ടെന്ന് കാണുന്നുവോ അത്രയും എളുപ്പത്തിൽ കറ വൃത്തിയാക്കാൻ സാധിക്കും.

അധിക സോപ്പ് പൊടി വേണ്ട

അധികമായി സോപ്പ് പൊടിയിട്ട് വൃത്തിയാക്കിയാൽ വസ്ത്രങ്ങൾ വെട്ടിത്തിളങ്ങുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശരിക്കുമിത് വസ്ത്രങ്ങളെ കേടുവരുത്തുകയാണ് ചെയ്യുന്നത്. വസ്ത്രങ്ങൾ കഴുകുമ്പോൾ കൃത്യമായ അളവിൽ മാത്രം സോപ്പ് പൊടി ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

Leave a Reply