Spread the love

മലയാള സിനിമയിലെ പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമ്മാതാവും നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളിൽ ഒരാളുമായ ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആ താരത്തിന് അറിയാമെന്നും ഇത് തുടർന്നാൽ വലിയ ഭവിഷത്തുകൾ അയാൾ അനുഭവിക്കേണ്ടി വരും എന്നുമായിരുന്നു ലിസ്റ്റിൻ മുന്നറിയിപ്പായി പറഞ്ഞത്.

പരാമർശം വൈറൽ ആയതോടെ ലിസ്റ്റിൻ ഉദ്ദേശിച്ച നടൻ നിവിൻ പോളി ആണെന്നും ലിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രീകരണത്തിലിരിക്കുന്ന ചിത്രമായ ബേബി ഗേളിന്റെ സെറ്റിൽ നിന്നും കഞ്ചാവ് പിടിക്കപ്പെട്ടതിനെ തുടർന്ന് സഹകരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി താരം മറ്റൊരു സെറ്റിലേക്ക് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങൾ വലിയതോതിൽ ഉയർന്നിരുന്നു.

ഇപ്പോഴിതാ ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ പരോക്ഷപ്രതികരണവുമായി നടന്‍ നിവിന്‍ പോളി. സ്വന്തം കാര്യംമാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിന് ഉടമയാവുക എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം.

‘വരുന്ന വഴി ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് കണ്ടു. നല്ല ഹൃദയമുണ്ടാവട്ടെ എന്നാണ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. എല്ലാവര്‍ക്കും പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ലകാര്യമാണ്. അങ്ങനെയുള്ള ഒരുപാടുപേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരേയും ജീവിതത്തില്‍ അഭിമുഖിക്കേണ്ടിവരാറുണ്ട്. സ്വന്തംകാര്യംമാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരങ്ങള്‍ മുഴക്കുന്ന അങ്ങനെയുള്ള രീതിയിലുള്ള ആളുകളും നമ്മള്‍ മുമ്പില്‍ കാണുന്നുണ്ട്. അവരോട് എല്ലാവരോടും എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക. പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുമ്പോട്ടുപോവാന്‍ എല്ലാവര്‍ക്കും സാധിക്കും’, എന്നായിരുന്നു നിവിന്റെ വാക്കുകള്‍.

‘എനിക്ക് കഴിഞ്ഞവര്‍ഷം ഒരു പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ കൂടെ ഏറ്റവും കൂടുതല്‍ നിന്നത് പ്രേക്ഷകരാണ്. ജനങ്ങളാണ്, നിങ്ങളാണ് നിന്നത്. ഞാന്‍ ഏത് വേദിയില്‍ പോയാലും എല്ലാവരോടും നന്ദി പറയാറുണ്ട്, നിങ്ങളോടും നന്ദി പറയുകയാണ്. ഒരുസംശയവും തോന്നാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. സ്ത്രീ- പുരുഷ വേര്‍തിരിവില്ലാതെ എല്ലാവരും എന്റെ കൂടെ നിന്നിരുന്നു. അതിന് എല്ലാവരോടും നന്ദി. പുതിയ നല്ല സിനിമകളുമായി ഇനിയും നിങ്ങളുടെ മുന്നില്‍ വരും’, നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

Leave a Reply