Spread the love

കോട്ടയം∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.‘അവരെന്താ പറഞ്ഞത്, ഉമ്മൻ ചാണ്ടി സാർ തനിക്കു ചെയ്തു തന്ന കാര്യങ്ങൾ. അതു മാത്രമേ അവർ പറ‍ഞ്ഞിട്ടുള്ളൂ. അതിന്റെ പേരിൽ അവരെ അവരുടെ ജീവിത മാർഗത്തിൽനിന്ന് പിരിച്ചുവിടുകയാണെങ്കിൽ ഈ രാജ്യത്ത് സ്വാതന്ത്ര്യം ഇല്ല എന്നല്ലേ തെളിയിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും പറഞ്ഞാൽ അവർ തങ്ങളുടെ പരിധിക്കുള്ളിലുള്ളതാണെങ്കിൽ അവരെ ദ്രോഹിക്കുക എന്നുള്ളതാണ് അതിന്റെ അർഥം. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നത്?’– ചാണ്ടി ഉമ്മൻ ചോദിച്ചു. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല. എല്ലാവർക്കും ഉള്ള സൂചനയാണ്. നിങ്ങൾ ഈ സർക്കാരിനെതിരെ സംസാരിക്കാൻ തയ്യാറായാൽ നിങ്ങൾക്കും ഈ ഗതി വരും. ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിൻ്റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് അപ്പയുടെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ച് തകർത്തു. പുതുപ്പള്ളിയിൽ അപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് വച്ച ഫ്ലക്സ് ബോഡുകൾ വരെ എടുത്ത് മാറ്റാണമെന്ന് പരാതികൾ നൽകുന്നു. രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണ് ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. – ചാണ്ടി ഉമ്മൻ പറഞ്ഞു.

കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വർഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓർമിച്ചു. ഇതിനുള്ള നന്ദിസൂചകമായി ചാണ്ടി ഉമ്മന് ഇക്കുറി വോട്ട് ചെയ്യുമെന്നും പറഞ്ഞു. ഞായറാഴ്ച ചാനൽ ഇതു സംപ്രേഷണം ചെയ്തു. ഇന്നലെ ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നു. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു.

Leave a Reply