ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് ഈച്ചകളും പ്രാണികളും വരാൻ സാധ്യത കൂടുതലാണ്. ഇവകൂടാതെ അടുക്കളയിൽ വരുന്ന പാറ്റ, പല്ലി തുടങ്ങി കീടങ്ങളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയെങ്കിൽ ഇനി വിഷമിക്കേണ്ട. കീടങ്ങളെയകറ്റാൻ പരിഹാരമുണ്ട്, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.
അടുക്കള
എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള. കാരണം ഭക്ഷണ സാധനങ്ങളുള്ള സ്ഥലങ്ങളിലാണ് അധികവും ഈച്ചകളും പ്രാണികളും വരുന്നത്. അടുക്കളയിൽ ഭക്ഷണങ്ങൾ തുറന്നുവെക്കുന്നത് ഒഴിവാക്കണം. എപ്പോഴും വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കണം. അടുക്കള വൃത്തിയാക്കുമ്പോൾ അണുനാശിനികൾ ഉപയോഗിക്കാം.
മാലിന്യം
ഭക്ഷണ മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത് . മാലിന്യങ്ങൾ സൂക്ഷിക്കുമ്പോൾ അതിലേക്ക് കീടങ്ങളും എലിയുമൊക്കെ വരാൻ സാധ്യതയുണ്ട്. പറ്റുന്നതും മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് മറ്റ് ഭക്ഷണവസ്തുക്കളിലും കീടങ്ങൾ കേറാൻ അവസരമുണ്ടാക്കും. കീടങ്ങൾ കേറിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
വെന്റിലേഷൻ
ചില സമയങ്ങളിൽ വീടുകൾ വൃത്തിയാക്കിയത് കൊണ്ട് മാത്രം കാര്യമുണ്ടാവില്ല. കാരണം ചിലത് വീടിന് പുറത്തുനിന്നും കേറി വരാൻ സാധ്യതയുണ്ട്. ജനാലകളും വെന്റിലേഷനുകളും നെറ്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് ശരിയായി അടച്ചിടണം. പുറത്തുനിന്നും എലികളും മറ്റ് ജന്തുക്കളും കേറാൻ സാധ്യതയുള്ള വീടുകളിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും.
അനാവശ്യ വസ്തുക്കൾ ഒഴിവാക്കാം
ആവശ്യം കഴിഞ്ഞ വസ്തുക്കൾ പിന്നെയും സൂക്ഷിച്ച് വയ്ക്കുന്നത് കീടങ്ങളെ വിളിച്ചുവരുത്തുന്നതാണ്. വീടിനുള്ളിലെ കബോർഡിലും, ബോക്സുകളിലുമൊക്കെയായി സൂക്ഷിച്ച് വെച്ചിരിക്കുന്ന അനാവശ്യ സാധനങ്ങൾ ഒഴിവാക്കണം.ഇത് പാറ്റ, പല്ലി, എലി തുടങ്ങിയ ജന്തുക്കൾ പെരുകാൻ കാരണമായേക്കും.