Spread the love

കോഴിക്കോട് ∙ റോഡിൽ വാഹനം തടസ്സം സൃഷ്ടിച്ചതു ചോദ്യം ചെയ്ത സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരെ ക്രൂരമായി മർദിച്ച എസ്ഐക്കെതിരെ നടപടി. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്ഐ വിനോദ് കുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാൽ മീണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകും. ഒരാഴ്ചയായി എസ്ഐ അവധിയിലായിരുന്നെന്നും ചീട്ടുകളിയുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നേരിട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

എസ്ഐ ഉൾപ്പെടെ നാലു പേർക്കെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. എസ്ഐയുടെ ആക്രമണത്തിൽ പരുക്കേറ്റ അത്തോളി കോളിയോട്ട് താഴെ സാദിഖ് നിവാസിൽ അബ്ദുൽ നാഫിക് (37), ഭാര്യ അഫ്ന എന്നിവർ ചികിത്സയിലാണ്. യുവതിയും ഭർത്താവും ആക്രമിച്ചെന്നു ആരോപിച്ചു എതിരെ വന്ന കാർ യാത്രക്കാരനായ വിഷ്ണു നൽകിയ പരാതിയിൽ നാഫിക്കിനെതിരെയും കേസെടുത്തു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊളത്തൂർ യുപി സ്കൂളിനു സമീപമാണ് സംഭവം. നാഫിക്കും ഭാര്യയും സഹോദരി ഷംസാദയും 4 കുട്ടികളും ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. എതിരെ വന്ന കാർ റോഡിൽ അരികു നൽകാതെ നിർത്തിയതിനെ തുടർന്നായിരുന്നു തർക്കം.

പിന്നീട് നാഫിക്കും ഇവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ആയി. പ്രശ്നം ശാന്തമായെങ്കിലും യുവാക്കൾ സമീപത്തെ വിവാഹ വീട്ടിൽ ഉണ്ടായിരുന്ന എസ്ഐ വിനോദ്കുമാറിനെ വിളിച്ചു വരുത്തി. ബൈക്കിൽ മറ്റൊരാളെയും കൂട്ടിയെത്തിയ വിനോദ്കുമാർ കാറിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. കാറിന്റെ താക്കോൽ ഊരി സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നു കാക്കൂർ പൊലീസ് പറഞ്ഞു.

എസ്ഐ ഉൾപ്പെടെ 4 പേർ പിന്നീട് നാഫിക്കിന്റെ വീട്ടിലെത്തി വധ ഭീഷണിയും മുഴക്കി. ഷംസാദയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുകയും എസ്ഐക്കെതിരെ കേസെടുത്തതായും കാക്കൂർ ഇൻസ്പെക്ടർ പറഞ്ഞു. എസ്ഐ ഒളിവിലാണെന്നും ഇയാൾക്കെതിരെ നേരത്തെയും കാക്കൂർ പൊലീസിൽ പരാതി ഉള്ളതായി പൊലീസ് അറിയിച്ചു

Leave a Reply