
പാറശാല∙കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തെന്ന് ആരോപിച്ച് കാർ യാത്രക്കാരനായ സൈനികനും സഹോദരനും ഉടമയുടെ ക്രൂര മർദനം. അക്രമത്തിൽ പരുക്കേറ്റ് കോട്ടവിള സ്വദേശിയായ സൈനികൻ സ്മിജുമണി (28)നെ പാറശാല താലൂക്ക് ആശുപത്രിയിലും തലയ്ക്കു പരുക്കേറ്റ സഹോദരൻ സ്മിനു (30) മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 8.00ന് ദേശീയപാതയിൽ മുസ്‌ലിം പള്ളിക്കു മുന്നിൽ ആണ് സംഭവം നടന്നത്. തുണിക്കടയ്ക്കു മുന്നിൽ കാർ പാർക്ക് ചെയ്തു പുറത്ത് പോയതിനെ കട ഉടമ ആയുബ്ഖാൻ ചോദ്യം ചെയ്തത് ആണ് സംഭവങ്ങൾക്ക് ആരംഭം .
യാത്രക്കാർ പ്രതികരിച്ചതോടെ കയ്യാങ്കളിയായി. ഇതിനിടയിൽ ആയുബ്ഖാന് മകൻ ആലിഫ് സുഹൃത്ത് സജിൻലാൽ, റജിൻ എന്നിവർ കൂടി സ്ഥലത്തെത്തി യാത്രക്കാരെ ക്രൂരമായി മർദിച്ചു. സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പ്രതികളിൽ ചിലരെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു.







