വിജയ് ചിത്രം ഗോട്ട് തിയേറ്ററുളികളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളും കോമഡിയും നിറഞ്ഞ സിനിമയിൽ ആരാധകർക്ക് ആഘോഷിക്കാൻ നിരവധി കാമിയോ വേഷങ്ങളുമുണ്ട്. തമിഴ് പ്രേക്ഷകർ ഈ കാമിയോകളെയെല്ലാം ആഘോഷിക്കുന്നുണ്ടെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ കയ്യടി ലഭിക്കുന്നത് മറ്റൊരു കഥാപാത്രത്തിനാണ്. അതിന് കാരണമായതോ ഒരു ടെലിവിഷൻ സീരിയലും.
സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്ക് തൊട്ടുമുമ്പായി സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ എന്ന നടനെ സ്‌ക്രീനിൽ കാണിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിച്ചത്. മലയാളത്തിൽ ഏറെ ശ്രദ്ധേയമായ ചന്ദനമഴ എന്ന സീരിയലിലെ അര്‍ജുന്‍ ദേശായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ.
കഴിഞ്ഞ കുറച്ച് നാളുകളായി ഇൻസ്റ്റഗ്രാം റീലുകളിൽ ചന്ദനമഴ എന്ന സീരിയലും അതിലെ കഥാപാത്രങ്ങളും ട്രെൻഡിങ്ങാണ്. ഇതിന് പിന്നാലെ വിജയ് ചിത്രത്തിൽ അർജുൻ ദേശായിയെ കണ്ടപ്പോൾ അത് മലയാളികൾ ആഘോഷമാക്കുകയാണ്. നിരവധി കാമിയോകൾ ഉണ്ടെങ്കിലും സർപ്രൈസ് തന്നത് ഈ കാമിയോ ആണെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. ‘തിയേറ്റർ പൂരപ്പറമ്പായ നിമിഷം’, ‘ഇതിലും മികച്ച കാമിയോ സ്വപ്നങ്ങളിൽ മാത്രം’ എന്നിങ്ങനെ പോകുന്നു ഈ രംഗത്തെക്കുറിച്ചുള്ള കമന്റുകൾ.