Spread the love

മോഹൻലാൽ ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഓവർസീസ് മാർക്കറ്റിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ചിത്രം പുറത്തിറങ്ങിയത് മുതൽ അർജുൻ അശോകൻ അവതരിപ്പിച്ച അതിഥി വേഷം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള കാമിയോ റോളായിരുന്നു സിനിമയിൽ നടന്റേത്. ഇപ്പോഴിതാ സിനിമയിലെ വേഷത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അർജുൻ അശോകൻ.

ലാലേട്ടനാടൊപ്പം അഭിനയിക്കാനുള്ള കൊതി കൊണ്ടാണ് തുടരുമിൽ അഭിനയിച്ചതെന്നും ചിത്രത്തിൽ വളരെ കുറച്ച് നേരം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ആദ്യമേ പറഞ്ഞിരുന്നെന്നും അർജുൻ അശോകൻ പറഞ്ഞു. ‘എന്നെ സിനിമയിലേക്ക് വിളിച്ചപ്പോൾ ഒന്നോ രണ്ടോ ഡയലോഗോ ചിലപ്പോൾ ഒരു ഷോട്ടോ മാത്രമേ ഉണ്ടാകുകയുള്ളൂ എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞു കാരണം ലാലേട്ടന്റെ ഒപ്പമല്ലേ അഭിനയിക്കുന്നേ. ഞാൻ അദ്ദേഹത്തോടൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല. അപ്പോൾ ഒരു കൊതി തോന്നി പിന്നെ ഒന്നും നോക്കാൻ പോയില്ല’, അർജുൻ അശോകൻ പറഞ്ഞു.

അതേസമയം, ബോക്സ് ഓഫീസിൽ തുടരും 150 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തിനൊപ്പം തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രം തമിഴ്നാട്ടിലും റിലീസിന് ഒരുങ്ങുകയാണ്. മെയ് ഒമ്പതിനാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിലെത്തുന്നത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.

Leave a Reply