Spread the love

ഓട്ടോറിക്ഷാ ഡ്രൈവറെ പരിഹസിച്ചു എന്ന തരത്തിൽ പ്രചരിച്ച വീഡിയോയെക്കുറിച്ച് പ്രതികരിച്ച് നടനും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവുമായ അർജുൻ സോമശേഖർ. താൻ ഓട്ടോ ഡ്രൈവറെ പരിഹസിച്ചിട്ടില്ലെന്നും വീഡിയോ പ്രചരിപ്പിച്ചവർക്കും കണ്ടവർക്കും അറിയാത്ത പല കാര്യങ്ങളും അതിനു പിന്നിൽ ഉണ്ടെന്നും വ്യക്തമാക്കുകയാണ് അർജുൻ. ഒരു ഓൺലൈൻ മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം

ഓട്ടോയിൽ വന്നിറങ്ങിയ താര കല്യാൺ ഡ്രൈവർക്ക് പണം നൽകിയപ്പോൾ സമീപത്ത് നിന്നിരുന്ന അർജുൻ ഡ്രൈവറെ പരിഹസിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ തനിക്കും സൗഭാഗ്യക്കും അമ്മ താരാ കല്യാണിനുമൊക്കെ വർഷങ്ങളായി അറിയാവുന്ന ആളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് എന്ന് അർജുൻ പറയുന്നു.

”എന്റെ ചേട്ടന്റെ മകളെ സ്കൂളിൽ കൊണ്ടുവിടുകയും കൂട്ടികൊണ്ട് വരികയും ചെയ്യുന്നത് ആ ഓട്ടോയിലാണ്. അന്ന് ടീച്ചറെ കൊണ്ടുവിടാനായാണ് അവൻ വന്നത്. ഓട്ടോക്കൂലിയായത് 250 രൂപയാണ്. ടീച്ചർ 300 രൂപ കൊടുത്തു. ബാക്കി കയ്യിൽ വെച്ചോളാൻ പറഞ്ഞു. പക്ഷേ അവൻ നാടു മുഴുവൻ നടന്ന് ബാലൻസുമായി തിരികെ വന്ന് ടീച്ചർക്ക് കൊടുത്തു. ടീച്ചർ അത് വാങ്ങാതെ തിരികെ പോക്കറ്റിൽ ഇട്ടു കൊടുത്തു. ഇതെല്ലാം കണ്ട്, ഇങ്ങനെയൊക്കെ ചെയ്യേണ്ട വല്ല ആവശ്യവും ഉണ്ടോ എന്ന അർത്ഥത്തിലാണ് ഞാൻ ആംഗ്യം കാണിച്ചത്. അടുത്ത ദിവസങ്ങളിൽ എല്ലാം അയാളും ഞങ്ങളും വീണ്ടും കാണുന്നവരാണ്. അപ്പോൾ തന്നാൽ മതി ബാലൻസ്. അല്ലാതെ അവിടെ ഓടി നടന്ന് അപ്പോൾ തന്നെ ബാലൻസ് സംഘടിപ്പിച്ച് തരേണ്ട കാര്യമില്ല. അത്രയുമേ ഉദ്ദേശിച്ചുള്ളൂ. എന്നാൽ ഞാൻ ഓട്ടോഡ്രൈവർമാരെ മൊത്തം അവഹേളിച്ചു എന്ന തരത്തിലാണ് വാർത്തകൾ വന്നത്”, അർജുൻ പറഞ്ഞു

Leave a Reply