Spread the love
കാഞ്ഞിരപ്പള്ളിയിലേക്ക് കരസേനാ സംഘം തിരിച്ചു; വ്യോമസേനയും സജ്ജം

33 പേരടങ്ങിയ കരസേനാസംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു. എംഐ, സാരംഗ് ഹെലികോപ്റ്ററുകള്‍ ദക്ഷിണ വ്യോമകമാന്‍ഡില്‍ സജ്ജം. ദക്ഷിണവ്യോമ കമാന്‍ഡിന് കീഴിലുള്ള എല്ലാ വ്യോമകേന്ദ്രങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് കര വ്യോമ സേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.

രക്ഷാപ്രവർത്തനത്തിനായി പീരുമേട്ടിലേക്ക് എൻ ഡി ആർ എഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾ രാത്രികാല യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാനിർദേശമുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.

? കാർ ഒഴുക്കിൽപ്പെട്ട് രണ്ടാമത്തെയാളും മരിച്ചു; 27-കാരന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി നിഖില്‍ (27) ആണ് മരിച്ചത്. നേരത്തെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയെ തിരിച്ചറി‍ഞ്ഞിട്ടില്ല.

⚠️മണിമലയാറ്റില്‍ പ്രളയമുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മിഷന്‍:

മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതോടെ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. പമ്പയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുണ്ട്.

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 12 ഇഞ്ച് വരെ ഉയര്‍ത്തും. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും.പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ മൂന്ന് സിപില്‍വേ ഷട്ടറുകള്‍ 5 സെ.മി ഉയര്‍ത്തി.

അതിരപ്പിള്ളി, മലക്കപ്പാറ പ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കല്ലാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയതിനാല്‍ കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്കും ചിന്നാര്‍ പുഴയുടെ തീരത്തുളളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

Leave a Reply