
ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അതിർത്തി കടന്നുള്ള ഭീകരരുടെ ഇടപെടൽ സംശയിച്ച് സൈന്യം. കേസിന്റെ അന്വേഷണം എൻഐഎക്ക് വിട്ടേക്കും. സൈനിക വേഷത്തിലാണ് ഭീകരർ രജൗരിയിലെ സൈനിക താവളത്തിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. കനത്ത സുരക്ഷ നിലനിൽക്കുന്ന പ്രദേശത്ത് വൻ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ മൂന്നാം വാർഷിക ദിനമായിരുന്ന ഓഗസ്റ്റ് 5നും സ്വാതന്ത്ര്യദിനത്തിനും ഇടയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.