കൊച്ചി : നാടിന്റെ ഹൃദയം തൊട്ട് ജനറൽ ആശുപത്രി പാലിയേറ്റിവ് വിഭാഗത്തിന്റെ നഗരക്കാഴ്ച യാത്ര. ലോക ഹോസ്പിസ് ദിനത്തിന്റെ ഭാഗമായാണ് സാന്ത്വന പരിചരണ വിഭാഗം യാത്ര ഒരുക്കിയത്. ജനറൽ ആശുപത്രി പാലിയേറ്റിവ് വിഭാഗം, ‘കനിവ്’ ചുമട്ടു തൊഴിലാളി കൂട്ടായ്മ, തേവര എസ്എച്ച് കോളജ്, എസ്ആർവി ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണു വർഷങ്ങളായി നാലുചുവരുകൾക്കുള്ളിൽ അവശതകളോടെ ഒതുങ്ങിക്കൂടിയവരെ പുറംലോകം കാണിച്ചത്.
കുട്ടികളുടെ പാലിയേറ്റിവ് സഹായസംരംഭമായ ‘മയിൽപീലിക്കൂട്ടം’ പദ്ധതിക്കും തുടക്കം കുറിച്ചു. മറൈൻ ഡ്രൈവ്, ക്വീൻസ് വേ, ദേവാലയങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര. ടി.ജെ.വിനോദ് എംഎൽഎയുടെ അധ്യക്ഷതയിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഹൈബി ഈഡൻ എംപി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർഷാ, ഡോ. രോഹിണി, ഡോ. സുഷമ, എസ്എച്ച് കോളജ് ഈസ്റ്റ് ക്യാംപസ് പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ, എസ്ആർവി വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജിൻസി ജോസഫ്, കനിവ് സെക്രട്ടറി കെ.എം.അഷ്റഫ്, ഡോ.അനു, ഡോ.ഷാബ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു. യാത്രയ്ക്കുള്ള ഓട്ടോകൾ സൗജന്യമായി ഒരുക്കിയത്.‘കനിവ്’ ആണ് .