Spread the love

കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നും ലക്ഷങ്ങൾ തട്ടി അറസ്റ്റിൽ. കടവന്ത്രയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന എബ്രോ എയ്ഡ് എന്ന സ്ഥാപനത്തിന്റെ ഉടമ മലയാറ്റൂർ നീലീശ്വരം സ്വദേശി അഫിൻ തോമസാണ് അറസ്റ്റിലായത്. എബ്രോ എയ്ഡ് എന്ന സ്ഥാപനം വഴി ജർമൻ ഭാഷ പഠിപ്പിക്കുകയും അതുവഴി വിദേശജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽ നിന്നു ലക്ഷങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വീസയോ പണം വാങ്ങിയവരുടെ പണമോ നൽകാതെ ഉദ്യോഗാർഥികളെ ചതിച്ചുവെന്നാണു പരാതി.

ഒട്ടേറെ പരാതികൾ സ്ഥാപനത്തിനെതിരെ ഉയർന്നതോടെ കേസ് റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം നടത്തി. സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒട്ടേറെപ്പേരുടെ ബയോഡേറ്റയും മറ്റു രേഖകളും കണ്ടെത്തി. വിദേശത്തേക്ക് ആളുകളെ വിടാൻ സ്ഥാപനത്തിനു ലൈസൻസ് ഇല്ലെന്നും വ്യക്തമായി. കേസെടുത്തതായി അറിഞ്ഞതോടെ അഫിൻ വിദേശത്തേക്കു കടന്നു. തുടർന്നു പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി.

ഇന്നലെ ഇയാൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തി‍ൽ വന്നിറങ്ങിയതോടെ പൊലീസ് പിടികൂടി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്ഐമാരായ കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.എം.സതീശൻ, എഎസ്ഐ ഷുക്കൂർ, എസ്‌സിപിഒമാരായ സുബിത്കുമാർ, സിപിഒമാരായ പി.എൻ.അനീഷ് എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണസംഘം.

Leave a Reply