Spread the love

പാലക്കാട് ടിപ്പു കോട്ടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പീരങ്കി ഉണ്ടകള്‍ കണ്ടെത്തി. ചരിത്ര സ്മാരകമായ പാലക്കാട് കോട്ടയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണില്‍ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്. 47 പീരങ്കി ഉണ്ടകളാണ് മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്.

കോട്ടയ്ക്ക് അകത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
ഇതിന്റെ ഭാഗമായി പുതിയ പൈപ്പ് ലൈന്‍ ഇടുന്നതിനായി മണ്ണില്‍ കുഴിച്ചപ്പോഴാണ് തൊഴിലാളികള്‍ പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈ ഭാഗത്ത് ഖനനം നടത്തിയപ്പോഴാണ് കൂടുതല്‍ പീരങ്കി ഉണ്ടകള്‍ കണ്ടെത്തിയത്.

മൈസൂര്‍ രാജാവായിരുന്ന ഹൈദരലി നിര്‍മ്മിച്ചതെന്ന് കരുതുന്ന കോട്ടയാണിത്. പിന്നീട് ബ്രിട്ടീഷുകാരും കോഴിക്കോട് സാമൂതിരിയുമെല്ലാം കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.ഇവരുടെ കാലത്ത് സൂക്ഷിച്ച പീരങ്കി ഉണ്ടകളാണ് ഇവയെന്ന് വിലയിരുത്തപ്പെടുന്നു.ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കേണ്ടതുണ്ട്.
സംരക്ഷിത കവചം ഉണ്ടാക്കി വേണം ഉണ്ടകള്‍ സൂക്ഷിക്കാന്‍. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാര്‍ച്ച്‌ എട്ടിന് വനിതാ ദിനത്തില്‍ കോട്ടയ്ക്കകത്ത് നടക്കുന്ന ചടങ്ങില്‍ പീരങ്കിയുണ്ടകള്‍ പ്രദര്‍ശിപ്പിക്കും.

Leave a Reply