വേറ്റിനാട് സ്വദേശിനി ആര്യ എന്ന പത്താംക്ലാസ് വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി രാജേഷ് ഉടുപ്പി പൊലീസിന്റെ പിടിയിൽ. നെയ്യാർ ഡാം പൊലീസ് ഉടുപ്പിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. രണ്ടുദിവസത്തിനുള്ളിൽ തലസ്ഥാനത്ത് എത്തിക്കും.പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജോലിക്കായി നെട്ടുകാൽത്തേരിയിലെത്തിച്ച പ്രതി 2020 ഡിസംബറിലാണ് ശ്രീനിവാസനെന്ന മറ്റൊരു പ്രതിക്കാെപ്പം തടവുചാടിയത്. ശ്രീനിവാസനെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയെങ്കിലും രാജേഷിനെ പിടികൂടാനായില്ല. ഇയാൾ ഉടുപ്പിയിൽ പല പേരുകളിൽ വിവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.2012 മാർച്ച് ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് വേറ്റിനാട്ടിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്. വട്ടപ്പാറ വേറ്റിനാട്,ചിറക്കോത്ത് താമസിക്കുന്ന പതിനഞ്ചുകാരി കുക്കു എന്നു വിളിക്കുന്ന ആര്യയെ ഓട്ടോ ഡ്രൈവർ ആയിരുന്നു പ്രതി ക്രൂരമായി കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പ്രതിയെ കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണം കുറ്റ്യാന്വേഷണ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചു.ഒരാഴ്ചയ്ക്കുള്ള പിടികൂടിയ പ്രതിയെ പിന്നീട് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.പിന്നീട് ഇത് ഇരട്ട ജീവപര്യന്തമാക്കി.ശിക്ഷ അനുഭവിച്ചു വരുന്നതിനിടയാണ് രാജേഷ് ജയിൽ ചാടിയത്.