മുംബൈ: മയക്കുമരുന്ന് കേസില്‍ മുംബൈയില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബര്‍ 26ലേക്ക് മാറ്റി. നാളെ അല്ലെങ്കില്‍ അടുത്ത ദിവസം കേസ് പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഷാരൂഖിന്റെ മുന്നില്‍ വികാരാധീനനായി ആര്യന്‍:
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെ കാണാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാറൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. രാവിലെയാണ് ഷാറൂഖ് ജയിലിലെത്തിയത്. ആര്യനും ഷാറൂഖും തമ്മിലുള്ള കൂടിക്കാഴ്ച 18 മിനുട്ടോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയ്ക്കിടെ ആര്യന്‍ വികാരാധീനനായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന് 20 മിനിറ്റ് സമയം അനുവദിച്ചിരുന്നെങ്കിലും 18 മിനിറ്റ് മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്
ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്. ചില്ലുപാളികള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നായിരുന്നു കൂടിക്കാഴ്ച. ഇന്റര്‍കോം വഴിയായിരുന്നു സംസാരിച്ചത്. ജയില്‍ അധികൃതരും കൂടിക്കാഴ്ച വേളയില്‍ ഒപ്പമുണ്ടായിരുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്ത് തടവുകാര്‍ക്ക് വീട്ടുകാരെ കാണുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിലക്ക് ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ആര്യനെ കാണാന്‍ ഷാറൂഖിന് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്. 23 കാരനായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ പ്രത്യേക കോടതി തള്ളിയിരുന്നു. മൂന്നാം തവണയാണ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് എന്‍സിബി:
പ്രത്യേക കോടതി തള്ളിയ സാഹചര്യത്തില്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യന്‍ വീട്ടുകാരുടെ തീരുമാനം. ആര്യന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റ്, നടി മൂണ്‍മൂണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.