കന്നഡ നടൻ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവിന്റെ വിയോഗവാർത്ത കന്നഡ സിനിമാലോകത്തെ ഏറെ വേദനയിലാഴ്ത്തിയിരുന്നു. മാധ്യമങ്ങൾ ഉൾപ്പടെ വലിയൊരു ജനക്കൂട്ടം സരോജ സഞ്ജീവിന്റെ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. ഇപ്പോഴിതാ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്റെ മകൾ സാൻവി.
വീടിന് പുറത്ത് കൂടിയ ജനങ്ങളാൽ കുടുംബം ഏറെ ബുദ്ധിമുട്ടി. അമ്മയുടെ വേർപാടിൽ വേദനിക്കുന്ന വേളയിൽ പോലും ആളുകളുടെ ഉന്തും തല്ലും അനുഭവിക്കേണ്ടി വന്നു തന്റെ പിതാവിന്. മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ തങ്ങൾ പാടുപെട്ടുവെന്ന് സാൻവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു. എന്നാൽ മുത്തശ്ശിയുടെ വിയോഗമല്ല, വീടിന് പുറത്ത് തടിച്ചുകൂടിയ ആളുകളുണ്ടാക്കിയ ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതൽ വേദനിപ്പിച്ചത്. അവർ ഉറക്കെ ശബ്ദമുണ്ടാക്കി. ഞാൻ വേദനിക്കുമ്പോൾ എന്റെ മുഖത്തേക്ക് ക്യാമറകൾ കുത്തിക്കയറ്റി. എങ്ങനെയാണ് ആളുകൾക്ക് ഇത്രത്തോളം മനുഷ്യത്വരഹിതരാകാൻ കഴിയുന്നത് എന്ന് അറിയില്ല,’ എന്ന് സാൻവി കുറിച്ചു.
‘എൻ്റെ പിതാവ് അദ്ദേഹത്തിന്റെ അമ്മയെ ഓർത്ത് കരയുമ്പോൾ, ആളുകൾ ഉന്തുകയും തള്ളുകമായിരുന്നു. മുത്തശ്ശിക്ക് അർഹമായ യാത്രയയപ്പ് നൽകാൻ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടി. പ്രിയപ്പെട്ട ഒരാളെ നഷ്‌ടമായ വേദനയിൽ ഞാൻ കരയുമ്പോൾ, എന്ത് തരം റീൽ പോസ്റ്റ് ചെയ്യണമെന്നാണ് ഈ ആളുകളെല്ലാം ചിന്തിച്ചത്,’ സാൻവി കൂട്ടിച്ചേർത്തു.
ജയ നഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു.