അനുമോൾ എന്ന മിനിസ്ക്രീൻ ആർട്ടിസ്റ്റിനെ മലയാളി പ്രേക്ഷകർ ഓർമിക്കാൻ സ്റ്റാർ മാജിക് എന്ന ഒറ്റ ഷോ മതി. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ അനുമോളെ ഷോയിലൂടെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ സീരിയൽ ആർട്ടിസ്റ്റായും ഡാൻസറായും യൂട്യൂബർ ആയുമൊക്കെ കഴിവ് തെളിയിച്ച താരം എന്തു പോസ്റ്റ് ചെയ്താലും നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ അതിക്രമങൾ ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്നും മുൻപ് തനിക്ക് ബസിൽ വച്ചുണ്ടായ മോശം അനുഭവത്തെ’കുറിച്ചും സംസാരിച്ചിരിക്കുകയാണ് താരം.
ഒരിക്കൽ രാത്രി തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് വരവേ ബസിൽവച്ച് തനിക്കൊരു മോശം അനുഭവം ഉണ്ടായി. അതിക്രമം ഉണ്ടായപ്പോൾ തന്നെ താൻ പ്രതികരിച്ചു. മിണ്ടാതിരുന്നിട്ടോ വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടോ കാര്യമില്ലെന്നും നല്ല അടിയാണ് കൊടുത്തതെന്നുമാണ് താരം പറഞ്ഞത്. ബസിൽ ഉറങ്ങുകയായിരുന്ന തന്റെ ദേഹത്ത് ആരോ തൊടുന്നതുപോലെ തോന്നുകയായിരുന്നു. തോന്നിയതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് മനസിലായതോടെ എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു.
അതേസമയം ബസിലെ കണ്ടക്ടർ അടക്കമുള്ളയാളുകൾ ഇക്കാര്യം വിട്ടുകളയാനാണ് പറഞ്ഞതെന്നും എന്നാൽ അതിക്രമം നടത്തിയാളെ ഇറക്കി വിടണമെന്ന തന്റെ ഒറ്റ വാശിയിൽ ഒടുവിൽ അയാളെ ഇറക്കിവിട്ടശേഷം ബസ് മുന്നോട്ടുപോവുകയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.