മദീന: റമദാൻ വിട പറയാനൊരുങ്ങവേ ഭക്തിയിൽ അലിഞ്ഞ് പ്രവാചക നഗരി. മദീനയിലെ മസ്ജിദുന്നബവിയും പരിസരങ്ങളും ഭക്തജനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. കോവിഡ് നിയന്ത്രണം ഒഴിവാക്കിയതോടെ വിശ്വാസികളുടെ ഒഴുക്കാണ്. ഹറമും പരിസരവും കച്ചവടസ്ഥാപനങ്ങളുമെല്ലാം സജീവമായി. അവസാന പത്തിലെ ഖിയാമുൽ ലൈൽ നമസ്കാരം ആരംഭിച്ചതോടെ പതിനായിരങ്ങളാണ് ദിവസവും മസ്ജിദുന്നബവിയിലേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് വർധിച്ചതോടെ ആരെയും അത്ഭുതപ്പെടുത്തുന്ന സജ്ജീകരണമാണ് ഭരണകൂടം ഒരുക്കിയത്. പ്രധാന കവാടങ്ങളിലെല്ലാം ആംബുലൻസ് സജ്ജമാക്കി. അടിയന്തര സേവനത്തിനായി 24 മണിക്കൂറും ഹറം മുറ്റത്ത് റെഡ് ക്രസന്‍റ് വളന്‍റിയർമാർ. കൂടുതൽ പൊലീസും സുരക്ഷവിഭാഗവും. വഴിതെറ്റുന്നവർക്ക് വഴികാണിക്കാനും തിരക്ക് നിയന്ത്രിക്കാനും സ്കൗട്ട് ടീമുമുണ്ട്