‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കൻ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. ഒഡീഷയിലെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. തിങ്കളാഴ്ച ആന്ധ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ച് തുടങ്ങി. മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്നും കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.