കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടെടുത്ത നടൻ ജഗദീഷ് തിരുത്തൽവാദിയെന്ന് സംവിധായകൻ ആഷിക് അബു. കഴിഞ്ഞ ദിവസം ജഗദീഷ് മാധ്യമങ്ങളോട് സംസാരിക്കുന്ന വിഡിയോ തിരുത്തൽവാദി എന്ന വാചകത്തോടെയാണ് ആഷിക് അബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് പ്രതികരണവുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ അമ്മ വൈകിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും, അമ്മയുടെ ഭാഗത്ത് വീഴ്ച പറ്റിയെന്നും ജഗദീഷ് പറയുന്ന വിഡിയോ ആണ് ആഷിക് അബു പങ്കുവെച്ചിരിക്കുന്നത്.
വാതിലിൽ മുട്ടി എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പാടില്ലെന്നുമാണ് നടൻ ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. അതിൽ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജഗദീഷ് പറഞ്ഞു. പ്രതികരിക്കാൻ വൈകിയത് അമ്മയുടെ ഭാഗത്ത് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ അമ്മയ്ക്കകത്തുള്ളവർ പോലും ഷോക്ക്ഡ് ആണ്. റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങളടങ്ങിയ പേജുകൾ എങ്ങനെ ഒഴിവായെന്ന് സർക്കാർ വിശദീകരണം നൽകേണ്ടിവരും. സിനിമയിൽ എക്സ്പ്ലോയറ്റേഷൻ നടക്കുന്നുണ്ട്. അത്തരം പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരണം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും. ജഗദീഷ് പറഞ്ഞു. ഡബ്ല്യു.സി.സി ഉന്നയിക്കുന്ന കാര്യങ്ങൾ തീർച്ചയായിട്ടും പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണെന്നും ഡബ്ല്യു.സി.സി.യുടെ കൈയിൽ അമ്മയ്ക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടേത് വ്യക്തമായ നിലപാടാണെന്നും ഇരക്ക് നിർബന്ധമായും നീതി കിട്ടണമെന്നും ജഗദീഷ് വ്യക്തമാക്കി.