രമേശ് നാരായണനുമായി ബന്ധപ്പെട്ട അവാർഡ് ദാന വിവാദത്തിൽ പക്വതയോടെ പ്രതികരിച്ച നടൻ ആസിഫിന് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് ‘ആസിഫ് അലി’ എന്ന് പേര് നൽകി ടൂറിസം കമ്പനി. സംഗീതജ്ഞന് അവാർഡ് സമർപ്പിക്കാൻ എത്തിയ നടൻ വലിയ അപമാനം നേരിട്ടു എന്ന തരത്തിൽ വിവാദം കൊഴുത്തപ്പോൾ അങ്ങേയറ്റം പക്വതയോടെ മാതൃകാപരമായി വിഷയത്തെ കൈകാര്യം ചെയ്തതിനാണ് ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ആഡംബര നൗകയ്ക്ക് നടന്റെ പേര് നൽകിയത്.
വാർത്തയിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതോടെ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ആസിഫ് അലിയും ഇപ്പോൾ. വാർത്ത താനും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേട്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെങ്കിലും അതേസമയം തന്നെ ‘കുറച്ചു ഓവറായി പോയില്ലേയെന്നും തോന്നി’ ആസിഫ് കൂട്ടിച്ചേർത്തു.
‘താനും സംഭവം അറിഞ്ഞു, സന്തോഷമുള്ള കാര്യമാണ്. അഭിമാനവും തോന്നി. എന്നാൽ ഈ വാർത്തയുടെ താഴെ വന്ന ഒരു കമന്റ് എങ്കിൽ ഇവനെ ഒരു പുണ്യാളനായി പ്രഖ്യാപിക്കൂ ! എന്നാണ്’. ഇത്തരം കമന്റുകളും ഇതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നു. അങ്ങനെ ഒരാൾക്ക് തോന്നി. അതിൽ ഒരുപാട് സന്തോഷം’ എന്നിങ്ങനെയാണ് ആസിഫ് രസകരമായി പ്രതികരിച്ചത്.