മലയാളികള്‍ അല്ലാത്തവരും മലയാള സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നു എന്നത് മോളിവുഡ് അടുത്തിടെ കൈവരിച്ച വലിയ നേട്ടമാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും ഭ്രമയുഗവും ആടുജീവിതവും ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവുമൊക്കെയാണ് അത്തരത്തില്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ചിത്രങ്ങള്‍. അച്ഛൻ മകൻ തമ്മിലുള്ള ബന്ധവും, വളരെ ദുരൂഹത നിറഞ്ഞ സംഭവങ്ങളേയും മറവി രോഗത്തെക്കുറിച്ചും പല സിനിമാറ്റിക് ലയറുകളിൽ പൊതിഞ്ഞ് അവതരിപ്പിച്ച കിഷ്കിന്ധാ കാണ്ഡം എന്ന ഫാമിലി ഡ്രാമ പ്രേക്ഷകർ വളരെയധികം ഏറ്റെടുക്കുകയായിരുന്നു.
ആഗോള തലത്തിൽ 70 കോടിയോളം നേടിയ ചിത്രമിപ്പോൾ ഹോട്ട്സ്റ്റാറിലും കത്തിക്കയറുകയാണ്. മികച്ച പ്രതികരണമാണ് സിനിമക്ക് ഒടിടിയിലിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ തിരക്കഥക്കും ക്ലൈമാക്സ് ട്വിസ്റ്റിനും വലിയ കൈയ്യടിയാണ് അന്യഭാഷാ സിനിമാപ്രേമികളിൽ നിന്നും ലഭിക്കുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത മട്ടുണ്ട്. ആസിഫ് അലി എന്ന നടനും ചിത്രത്തിലെ പെർഫോമൻസിലൂടെ അന്യഭാഷാ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധേയമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.