പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന ആസിഫ് അലി ചിത്രം തിയറ്ററിൽ വൻ അഭിപ്രായം നേടി കളക്ഷനിൽ കുതിക്കുകയാണ്. നടൻ ആസിഫ് അലിയെ സംബന്ധിച്ചിടത്തോളം 2024ൽ താരം സസൂക്ഷ്മം തിരഞ്ഞെടുത്ത നല്ല സ്ക്രിപ്റ്റുകൾ സമ്മാനിച്ച പ്രേക്ഷക പ്രീതിയുടെ തുടർച്ച കൂടിയാണ് രേഖാചിത്രം. തുടർച്ചയായ തന്റെ സിനിമകളുടെ നിരന്തര പരാജയത്തിലൂടെ പലതരം പഴികേട്ട നടനാണിപ്പോൾ ‘മലയാളത്തിലെ ഏറ്റവും ബാങ്കബിൾ ആയ നടൻ’ എന്ന വിശേഷണം സ്വന്തം അധ്വാനത്തിലൂടെയും തിരിച്ചുവരവിലൂടെയും നേടിയെടുത്തിരിക്കുന്നത്.
തന്റെ കരീയർ ഗ്രാഫിൽ ഇപ്പോൾ നടക്കുന്ന ഉയർച്ച പെട്ടെന്നുണ്ടായ കാര്യമല്ലെന്നും തന്റെ 15 വർഷത്തെ സിനിമ ജീവിതത്തിലെ ഉയർച്ചയുടെയും താഴ്ചയുടെയും പ്രതിഫലനവും അതിൽ നിന്നും ആർജിച്ചെടുത്ത അറിവുമാണ് എന്നുമാണ് താരം വ്യക്തമാക്കിയത്. ഇപ്പോൾ താൻ സ്ക്രിപ്റ്റ് സെക്ഷനിലും താൻ കമ്മിറ്റ് ചെയ്യാൻ പോകുന്ന പ്രോജെക്ടിൽ പങ്കാളികൾ ആകാൻ പോകുന്ന ആൾക്കാരിലും ശ്രദ്ധ ചെലുത്തിയാണ് പടങ്ങൾ കമ്മിറ്റ് ചെയ്യാറുള്ളതെന്നും താരം പറയുന്നു. ഇന്ന് കാണുന്ന നടനിലേക്ക് താൻ എത്തിയതിൽ തന്റെ പരാജയപ്പെട്ട സിനിമകൾക്കും മോശം സമയങ്ങൾക്കും വലിയ പങ്കുണ്ടെന്നും ഒരു ആക്ടിങ് സ്കൂളിൽ പഠിക്കാൻ കഴിഞ്ഞതിലും കൂടുതൽ കാര്യങ്ങൾ അനുഭവങ്ങളിൽ നിന്നും താൻ പഠിച്ചെന്നും താരം പറയുന്നു.
അതേസമയം ഇന്ന് കാണുന്ന പോലെ തന്നെ നടൻ മമ്മൂക്കയുടെ സ്വാധീനം തന്റെ അഭിനയ ജീവിതത്തിൽ തുടക്കം മുതൽക്കേ ഉണ്ടായിരുന്നുവെന്നും മറ്റാരും ചെയ്യുകയും പറഞ്ഞു തരികയും ചെയ്യാവിധം അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ടെന്നും പറയുകയാണ് താരം. തന്റെ ആദ്യ സിനിമയായ ഋതുവിന്റെ ഡിസ്ട്രിബൂഷൻ മമ്മൂക്കയുടെ പ്ലേ ഹൌസ് ആയത് കൊണ്ട് അന്നുമുതൽക്കെ തനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നുവെന്നും പിന്നീടൊരിക്കൽ പനംപള്ളിയിൽ വെച്ച് തനിച്ചു കണ്ടപ്പോൾ തുടക്കക്കാരൻ ആയിരുന്നിട്ടുകൂടി തന്റെസിനിമകൾ കണ്ടിട്ടുണ്ടെന്നും ഡബ്ബിങ്ങിൽ എന്തിനാണ് ഇത്ര സ്പീഡ് എന്ന് അദ്ദേഹം ചോദിച്ചുവെന്നും ആസിഫ് പറയുന്നു. എക്സ്‌പീരിയൻസ് ഉള്ള നടൻമാർ ഡബ്ബ് ചെയ്യുന്നത് കാണാൻ തന്നോട് നിർദ്ദേശിച്ചുവെന്നും താരം പറയുന്നു.
അന്ന് മുതൽ ആരുടെ ഡബ്ബിങ് കണ്ടു പഠിക്കുമെന്ന കൺഫ്യൂഷനിൽ ആയിരുന്നു താൻ എന്നും അങ്ങനെയിരിക്കെ വിസ്മയ സ്റ്റുഡിയോയിൽ താൻ ഉള്ള സമയത്ത് അവിടെ മമ്മൂക്കയുടെ വണ്ടി കണ്ടെന്നും ഇതറിഞ്ഞ താൻ ഡബ്ബിങ് പഠിക്കാൻ സാധിക്കുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ നിന്നെ പഠിപ്പിക്കാൻ ഞാൻ ആരാണെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചുവെന്നും ആസിഫ് പറയുന്നു. ഒടുവിൽ തന്നെയും കൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ വന്ന മമ്മൂക്ക ബൂത്തിൽ തന്നെ ചെയറിട്ട് ഇരുത്തി ഒരു ഡയലോഗ് ഏതൊക്കെ തരത്തിൽ പറയാമെന്നും, ഷൂട്ടിംഗ് സമയത്ത് ചെയ്യാൻ പറ്റാഞ്ഞ ഇമോഷൻസ് പോലും ഡബ്ബിങ്ങിൽ എങ്ങനെ കൊണ്ടുവരാം എന്ന് പറഞ്ഞു തന്നെന്നും ആസിഫ് പറയുന്നു. ഒരു ഇൻസ്റ്റിറ്റിയൂട്ടിൽ പോയി പലരും പഠിക്കുന്നത് താൻ ചെറിയ സമയം കൊണ്ട് അദ്ദേഹത്തിൽ നിന്നും മനസിലാക്കി എടുത്തെന്നും അദ്ദേഹം പറയുന്നു.