ഒരുകാലത്ത് ആസിഫ് അലിയോളം പഴികേട്ട മറ്റൊരു മലയാള നടനില്ലെന്നു തന്നെ പറയാം. ഇടയ്ക്ക് ചില വിജയങ്ങൾ സംഭവിക്കുമെങ്കിലും തുടരെത്തുടരെയുള്ള വീഴ്ചകൾ ആയിരുന്നു ആസിഫലിയുടെ സിനിമ ചരിത്രം. സ്ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകൾ നേരിട്ടുള്ള നടൻ. സമപ്രായക്കാരായ അഭിനേതാക്കൾ വലിയ വിജയങ്ങൾ കൈവരിക്കുമ്പോൾ ‘ ഇനിയെങ്കിലും നന്നായി അഭിനയിച്ചു കൂടെ എന്ന’ കൂട്ട കുറ്റപ്പെടുത്തലുകൾ കേട്ട നടനാണ് ഇപ്പോൾ ‘മലയാളത്തിലെ ഏറ്റവും ബാങ്കബിൾ ആയ നടൻ’ എന്ന വിശേഷണം തന്റെ അധ്വാനത്തിലൂടെയും തിരിച്ചുവരവിലൂടെയും നേടിയെടുത്തിരിക്കുന്നത്.
തലവൻ, കിണ്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ താരത്തിന്റെ പുതുവത്സരത്തിലെ ആദ്യ ചിത്രമായ രേഖാചിത്രവും വൻ ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോ ആസിഫ് അലിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. ആസിഫ്-ജിസ് ജോയ് കൂട്ടുകെട്ടിൽ പിറന്ന ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ ജോഫിൻ സഹ സംവിധായകനായായി വർക്ക് ചെയ്തിരുന്നു. അന്നും ഇന്നും ആസിഫ് ഒരുപോലെ ആണ് പെരുമാറുന്നതെന്നും താരം പറഞ്ഞു.
2013 ലായിരുന്നു താൻ ആസിഫ് അലിയെ പരിചയപ്പെടുന്നത്, അന്ന് സഹസംവിധായകനായ തന്നോട് എങ്ങനെ പെരുമാറിയോ, അതേ സൗഹൃദത്തോടെയാണ് ഇപ്പോഴും അദ്ദേഹം പെരുമാറുന്നത്. ഒരു സിനിമാ സെറ്റിൽ എത്തിയാൽ ഉടൻ കാരവനിൽ പോയിരിക്കുന്ന നടനല്ല ആസിഫ് അലി. സെറ്റിലെ എല്ലാവരുമായി അടുത്ത് പെരുമാറുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
ഇന്ന് കാണുന്ന ആസിഫ് അലിയും പണ്ട് കണ്ട ആസിഫ് അലിയും തമ്മിൽ യാതൊരു വ്യത്യാസം കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. 2013 ൽ ഞാൻ പരിചയപ്പെടുമ്പോൾ എങ്ങനെയാണോ ഒരു സഹസംവിധായകനായ എന്നോട് പെരുമാറിയത്, അതേപോലെ സൗഹൃദത്തോടെയാണ് ഇന്നും എന്നോട് പെരുമാറുന്നത്. പുള്ളി എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നത്.
ഞാൻ ഒരു നായകനെ ചുമ്മാ അങ്ങ് പൊക്കി പറയുന്നതല്ല, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തവർക്ക് അറിയാൻ കഴിയും. ഒരു ഷൂട്ടിങ്ങ് സെറ്റിലേക്ക് വന്നാൽ, നേരെ കാരവനിലേക്ക് കയറുന്ന ആളല്ല അദ്ദേഹം. അവിടെ നിൽക്കുന്ന എല്ലാവരെയും കണ്ട് സംസാരിച്ച്, ആരെയെങ്കിലും കണ്ടില്ലെങ്കിൽ ആ ചേട്ടൻ എവിടെ എന്നൊക്കെ ചോദിക്കുന്ന വ്യക്തിയാണ്. അദ്ദേഹം നന്മമരം കളിക്കുന്നതല്ല, വളരെ ഓർഗാനിക്കായി ചെയ്യുന്നതാണ്.