കനത്ത മഴയെ തുടര്‍ന്ന് അസമില്‍ രൂക്ഷമായ വെള്ളപ്പൊക്കം. സംസ്ഥാനത്തെ 28 ജില്ലകളിലെ 2,930 ഗ്രാമങ്ങളിലെ 19 ലക്ഷത്തോളം ആളുകളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരണപ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഒരാളെ കാണാതായി. 3.55 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ച ജില്ലയാണ് ബജാലി. തൊട്ടുപിന്നാലെ, 2.90 ലക്ഷത്തിലധികം ആളുകളെ ബാധിച്ച ജില്ല ദരാംഗും. സംസ്ഥാനത്താകെ 43,338.39 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാണ്. ബ്രഹ്‌മപുത്ര, ബേക്കി, മനസ്, പഗ്ലാഡിയ, പുത്തിമാരി, ജിയാ-ഭാരാലി നദികള്‍ പലയിടത്തും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനമൊട്ടുക്കുമുള്ള 373 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.