കോഴിക്കോട് : വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ ഓൺലൈനായി തട്ടിയെടുത്ത മോഷ്ടാക്കളെത്തേടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരച്ചിലിൽ അസമിൽ നിന്ന് പിടികൂടി. ഇയാളുടെ അക്കൗണ്ടിലെത്തിയ 15 ലക്ഷം രൂപ മരവിപ്പിച്ചു.അസമിലെ ഹയിലക്കൻഡി ജില്ലയിൽ നിതായി നഗർ സ്വദേശിയായ അബ്ദുൽറഹീം ലാസ്കറിനെയാണ് (23) പന്നിയങ്കര എസ്ഐ കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വീട്ടമ്മയുടെ അക്കൗണ്ടിൽനിന്നു പല തവണയായി അജ്ഞാതൻ 19 ലക്ഷം രൂപ തട്ടിയെടുത്തതായി കഴിഞ്ഞ 21നാണ് പന്നിയങ്കര സ്റ്റേഷനിൽ പരാതി ലഭിച്ചത്. മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമബിയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ശാഖയിലെ അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്. ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിൽ പല തവണകളായി 19 ലക്ഷം രൂപ പിൻവലിച്ചത്.
അന്വേഷണം ആരംഭിച്ച പന്നിയങ്കര പൊലീസ് ഏതൊക്കെ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നു വിവരംശേഖരിച്ചു. ഈ ബാങ്കുകളിലെത്തി അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തി. എല്ലാ അക്കൗണ്ടുകളും അസമിലാണെന്നു കണ്ടെത്തി.